
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിന് ശേഷം പോലീസ് വേട്ടയാടുകയാണെന്ന് മാമിയുടെ ഡ്രൈവറായിരുന്ന രജിത്തും കുടുംബവും.
കഴിഞ്ഞ ദിവസം കാണാതായ രജിത്, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു. വീട്ടിലെത്തിയതിനു പിന്നാലെയാണ് പൊലീസ് വേട്ടയാടുകയാണെന്ന് രജിത് വെളിപ്പെടുത്തിയത്.
മാമിയെ കാണാതായ ശേഷം പോലീസ് തന്നെയും സുഹൃത്തുക്കളെയും മക്കള്‍ ഉള്‍പ്പടെയുള്ളവരെയും വേട്ടയാടുകയാണെന്ന് രജിത് പറഞ്ഞു. ഭാര്യയെ പോലീസ് വിളിച്ചു. പത്തു മണി മുതല്‍ അഞ്ചു മണി വരെ ചോദ്യം ചെയ്തു. മകനെയും ചോദ്യം ചെയ്തു. പുലര്‍ച്ചെ നാലു മണിക്ക് ഗേറ്റ് ചാടിക്കടന്ന് പോലീസ് വാതില്‍ മുട്ടുന്നു. ഭാര്യയുടെ ഫോണ്‍ പോലീസ് വാങ്ങിവെച്ചു. പോലീസ് ചോദിക്കുന്ന പല കാര്യങ്ങളും തനിക്കറിയില്ലെന്നും രജിത് പറഞ്ഞു.
മാമിയെയും കൂട്ടി ബിസിനസ് ആവശ്യങ്ങള്‍ക്കായി പല സ്ഥലത്തും പോകാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്കി. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും രജിത് ആരോപിച്ചു.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ എലത്തൂര്‍ സ്വദേശി രജിത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വ്യാഴാഴ്ചയാണ് രജിത്തിനെയും തുഷാരയെയും കാണാനില്ലെന്നറിയിച്ച് തുഷാരയുടെ സഹോദരന് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂരില്‍നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു.
