കൊൽക്കത്ത∙ ഈ വർഷം ഡിസംബറിൽ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിയുടെ നീക്കമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് യൂത്ത് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
‘‘മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയാൽ രാജ്യം ഏകാധിപത്യഭരണത്തെ അഭിമുഖീകരിക്കേണ്ടി വരും. സാമുദായിക സംഘർഷം കൊണ്ട് വേദനിക്കുന്ന രാജ്യമായി ഇന്ത്യയെ ബിജെപി ഇതിനകം തന്നെ മാറ്റിക്കഴിഞ്ഞു. ഡിസംബറിലോ ജനുവരിയിലോ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിനായി അവർ എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തു. മറ്റു പാർട്ടികൾക്കൊന്നും ഹെലികോപ്റ്റർ ലഭിക്കാത്ത സാഹചര്യമാണ്.
‘‘നോർത്ത് 24 പർഗനാസ് ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനം നിർഭാഗ്യകരമാണ്. ചില ആളുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. ചുരുക്കം പൊലീസ് ഉദ്യോഗസ്ഥരും അതിനു പിന്തുണ നൽകുന്നുണ്ട്. ഗവർണർ സി.വി.ആനന്ദബോസ് ഭരണഘടനാ തത്വങ്ങൾ ലംഘിക്കുകയാണ്.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിക്കുകയാണ്. ബംഗാളിൽ മൂന്നു ദശാബ്ദക്കാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ചു. അടുത്ത ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ്. ബിജെപിയും എബിവിപിയും ഉത്തർപ്രദേശിലേതു പോലെ മുദ്രാവാക്യം മുഴക്കേണ്ടതില്ല, കാരണം ഇതു ബംഗാളാണ്’’.– മമത പറഞ്ഞു.