പൗരത്വ ഭേദഗതി നിയമം (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററുമായി (എൻആർസി) ബന്ധപ്പെട്ടിരിക്കുന്നതിനാൽ പുതിയ നിയമനിർമ്മാണത്തിനെ എതിർക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസമിലുള്ളതുപോലെ തടങ്കൽ പാളയങ്ങൾ ബംഗാളിന് ആവശ്യമില്ല. ലോക്സഭാ ഇലക്ഷന് മുമ്പുള്ള ഗിമ്മിക്കാണ് സിഎഎ എന്നും മമത പറഞ്ഞു. സിഎഎ നിയമങ്ങൾ പുറപ്പെടുവിക്കുന്നതോടെ, 2014 ഡിസംബർ 31 വരെ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അമുസ്ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിക്കും. ഹിന്ദു, സിഖ്, ജൈന, കൃസ്ത്യൻ വിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം ലഭിക്കുന്നത്. രാജ്യത്തുടനീളമുണ്ടായ പ്രതിഷേധങ്ങളെ മറികടന്ന് 2019 ഡിസംബറിലാണ് സിഎഎ പാസായത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. നിയമപ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. മുസ്ലിം ഇതര അഭയാർഥികൾക്ക് മാത്രം പൗരത്വം നൽകുന്നതിനെതിരെ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.