കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഐഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണ്. ഇവിടെ ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. ബംഗാളില്‍ അധികാരം പിടിക്കാനാണ് സിപിഎമ്മും ബിജെപിയും ബംഗ്ലാദേശിലേത് പോലുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ തുനിയുന്നത്. എന്നാൽ തനിക്ക് അധികാരത്തോടുള്ള അത്യാർത്തിയില്ല. രാത്രി മുഴുവൻ താൻ കേസ് നിരീക്ഷിച്ചുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസ് കമ്മിഷണറുമായും യുവതിയുടെ മാതാപിതാക്കളുമായും സംസാരിച്ചുവെന്നും മമത പറഞ്ഞു. എന്ത് നടപടിയാണ് തങ്ങൾ സ്വീകരിക്കാത്തതെന്നും അവർ ചോദിച്ചു.
അന്വേഷണം വേഗത്തിൽ ആരംഭിക്കുകയും 12 മണിക്കൂറിനുള്ളിൽ ആദ്യ അറസ്റ്റ് നടക്കുകയും ചെയ്തു. ഏത് അന്വേഷണത്തിനും സമയം നൽകേണ്ടതുണ്ട്. ഞായറാഴ്ച വരെ സമയപരിധി നിശ്ചയിച്ചിരുന്നു. കൃത്യമായ അന്വേഷണമില്ലാതെ ആർക്കെതിരെയും നടപടിയെടുക്കാനാകില്ല. ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും സിബിഐയുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.