കൊൽക്കത്ത: ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യം രൂപീകരിക്കാനുള്ള പദ്ധതിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും. കൊൽക്കത്തയിൽ വച്ച് ഇരുവരും കൂടികാഴ്ച നടത്തി. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്കുമായും മമത അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടാനുള്ള ശ്രമത്തെ പ്രതിരോധിക്കാനാണ് മമതയുടെ പുതിയ നീക്കം. രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാൻ ബിജെപി ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് മമതയും മറ്റുള്ളവരും സംശയിക്കുന്നുണ്ട്.
ലണ്ടൻ പ്രസംഗത്തിൽ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ ഉപയോഗിച്ച് ബിജെപി തങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്നാണ് മറ്റ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ.
രാഹുൽ ഗാന്ധി വിദേശത്ത് നടത്തിയ പരാമർശത്തിൽ മാപ്പ് പറയാതെ പാർലമെന്റ് നടപടികൾ മുന്നോട്ട് പോകാൻ ബിജെപി അനുവദിക്കില്ല. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാകണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. കാരണം അത് ബി.ജെ.പിയെ സഹായിക്കുമെന്ന് അവർക്കറിയാ മെന്നും തൃണമൂൽ കോൺഗ്രസ് എംപി സുദീപ് ബാന്ദ്യോപധ്യായ് പറഞ്ഞു.