കൊല്‍ക്കത്ത: രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഈ പ്രവണത തുടരുകയാണെങ്കിൽ, രാജ്യം ഉടൻ തന്നെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് പോകുമെന്നും അവർ പറഞ്ഞു.
കൊൽക്കത്തയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിന്റെ (എന്‍.യു.ജെ.എസ്) ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബംഗാൾ മുഖ്യമന്ത്രി. ചീഫ് ജസ്റ്റിസ് യു.യു.ലളിതും ചടങ്ങിൽ സന്നിഹിതനായിരുന്നു. ചീഫ് ജസ്റ്റിസ് എൻയുജെഎസിന്റെ ചാൻസലർ കൂടിയാണ്.
ജനാധിപത്യത്തിന്റെയും ഫെഡറൽ ഘടനയുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് മമതാ ബാനർജി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. ചൂഷണങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും ജുഡീഷ്യറി ജനങ്ങളെ സംരക്ഷിക്കണമെന്ന് പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി, ജനാധിപത്യ അധികാരങ്ങൾ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പിടിച്ചെടുത്തിരിക്കുകയാണെന്നും അതിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.