ഉണ്ണിമുകുന്ദന്റെ മാളികപ്പുറം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഡിസംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം നൽകിയ പോസിറ്റീവ് റിവ്യൂകളാണ് ബാക്കിയുള്ളവരെ സിനിമ കാണാൻ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ജിസിസി റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇ, ജിസിസി രാജ്യങ്ങളിൽ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടൻ പുറത്തിറങ്ങും. ജനുവരി ആറിന് മാളികപ്പുറം ഇതര ഭാഷകളിൽ റിലീസ് ചെയ്യും.
അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. കല്യാണി എന്ന പെൺകുട്ടിയുടെ ശബരിമല യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കല്യാണിയായും കളിക്കൂട്ടുകാരൻ പിയൂഷായും എത്തിയ ബാലതാരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് ചിത്രം കണ്ടവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.