കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത ‘മാളികപ്പുറം’ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി 100 കോടി ക്ലബിൽ കയറിയിരുന്നു. ഇപ്പോൾ ഒടിടി റിലീസിന് ശേഷം കർണാടകയിൽ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം.
മാർച്ച് 24നാണ് കർണാടകയിൽ മാളികപ്പുറം റിലീസ് ചെയ്യുന്നത്. അമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കന്നഡ റിലീസിനോടനുബന്ധിച്ച് രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
2022 ഡിസംബർ 30 നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ബോക്സോഫീസിൽ നിന്നും ലഭിച്ചത്. അഭിലാഷ് പിള്ളയാണ് മാളികപ്പുറം എഴുതിയിരിക്കുന്നത്. ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’, ‘കടാവർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയ ചിത്രമാണിത്. 40 ദിവസം കൊണ്ട് 100 കോടി രൂപയാണ് മാളികപ്പുറം നേടിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായും മാളികപ്പുറം മാറി.