മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത്, തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ബോംബ് സ്ഫോടനം നടത്തുന്നത് ഔദ്യോഗിക കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പ്രകാശ് നായിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ സിആർപിസി സെക്ഷൻ 197 (2) പ്രകാരം ഇന്ത്യൻ സൈന്യത്തിൽ നിന്ന് അനുമതി ലഭിച്ചില്ലെന്ന് ആരോപിച്ച് പുരോഹിത് അപ്പീൽ നൽകിയിരുന്നു. അതേസമയം സ്ഫോടനം തന്റെ ചുമതലയുടെ ഭാഗമല്ലാത്തതിനാൽ സൈന്യത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് എൻഐഎയുടെ വാദം.
2008ൽ മലേഗാവ് സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2008ലാണ് കേണൽ പുരോഹിതിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറും മറ്റ് ആറ് പേരും കേസിലെ പ്രതികളാണ്.