
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ പി) കാൻഡിഡേറ്റ് അഡോപ്ഷൻ ആൻഡ് ഫണ്ട് റെയ്സിംഗ് കൺവെൻഷനിലാണ് അപ്രതീക്ഷിതമായൊരു ‘മലയാളി താരം’ ഏവരുടെയും മനം കവർന്നത്. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമൊപ്പം സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ വേദികളിൽ ഇപ്പോൾ പ്രധാന സംസാരവിഷയം ‘മണവാട്ടി’ എന്ന പേരിൽ ലേലത്തിൽ വെച്ച ഒരു മദ്യക്കുപ്പിയാണ്.
എസ്.എൻ.പി സ്ഥാനാർത്ഥി മാർട്ടിൻ ഡേയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് കൗതുകമുണർത്തി ഈ സ്പെഷ്യൽ എഡിഷൻ ബോട്ടിൽ അവതരിപ്പിച്ചത്. സ്കോട്ടിഷ് ഭരണത്തലവനായ ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയും മണവാട്ടി വാറ്റിന്റെ ഉടമ ജോൺ സേവ്യറും ചേർന്ന് ഒപ്പിട്ട ബോട്ടിലാണ് ലേലത്തിൽ താരമായത്.

സ്കോട്ടിഷ് രാഷ്ട്രീയ ചരിത്രത്തിലെ 1970-കൾ വരെയുള്ള പഴയൊരു പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന അഡോപ്ഷൻ നൈറ്റ് എന്ന വേദിയിലായിരുന്നു മലയാളിയുടെ സ്വന്തം ബ്രാൻഡ് ശ്രദ്ധേയമായത്. സ്ഥാനാർത്ഥിയെ പാർട്ടി ഔദ്യോഗികമായി ഏറ്റെടുക്കുന്ന പഴയകാല ചടങ്ങ് പുനരാവിഷ്കരിച്ചപ്പോൾ, അതിന് സാക്ഷികളാകാൻ സ്കോട്ടിഷ് കാബിനറ്റ് മന്ത്രി ഫിയോണ ഹിസ്ലോപ്പ്, മിഷേൽ തോംസൺ, മുൻ ഗതാഗത മന്ത്രി സ്റ്റുവർട്ട് സ്റ്റീവൻസൺ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിര തന്നെ എത്തിയിരുന്നു. കൂടാതെ, മുൻ എം.പി ഡേവിഡ് ലിൻഡൻ, കൗൺസിലർമാരായ പോളീൻ സ്റ്റാഫോർഡ്, ഡെന്നിസ് തുടങ്ങി അഞ്ചോളം സ്ഥാനാർത്ഥികളും ചടങ്ങിന് സാക്ഷിയായി. ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്, ബ്രിട്ടീഷ് തമിഴ് ഫോറം, കർണാടക അസോസിയേഷൻ യു.കെ പ്രസിഡന്റ്, സാൻ ടിവി പ്രതിനിധി രഞ്ജിത്ത് തുടങ്ങിയ ഇന്ത്യൻ വംശജരും പങ്കെടുത്തതോടെ വേദി ഇന്ത്യയുടെ ഒരു ചെറിയ പതിപ്പായി മാറി.
അഞ്ച് സംഗീതജ്ഞർ അണിനിരന്ന കലാപരിപാടികളും സ്പോൺസർമാർ ഒരുക്കിയ അതിവിപുലമായ വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുടെ ഒപ്പുള്ള ‘മണവാട്ടി’ സ്വന്തമാക്കാൻ വലിയ മത്സരമാണ് നടന്നത്. സ്കോട്ടിഷ് രാഷ്ട്രീയത്തിലെ ഗൗരവമേറിയ ചർച്ചകൾക്കിടയിൽ ഒരു നുള്ള് മലയാളിത്തം കലർത്തി, ഭരണത്തലവന്റെ കൈയ്യൊപ്പുമായി ഈ മലയാളി ബ്രാൻഡ് താരമായത് പ്രവാസി മലയാളികൾക്കും അഭിമാന നിമിഷമായി.
കൊച്ചി കടവന്ത്ര ചിലവന്നൂർ സ്വദേശിയായ ജോൺ സേവ്യർ യു.കെയിൽ പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം വാറ്റാണ് മണവാട്ടി. കേരളത്തിലെ നാടൻ വാറ്റു രീതികൾക്കൊപ്പം ആധുനിക മദ്യ നിർമ്മാണ രീതികളും സംയോജിപ്പിച്ചുകൊണ്ട് ലണ്ടൻ ബാരൺ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് യുകെയിൽ മണവാട്ടി പുറത്തിറക്കിയത്.


