തിരുവനന്തപുരം: ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റ് കേരളത്തിലെ വിശ്വാസികൾ. പ്രാർത്ഥന നിറഞ്ഞ മനസ്സുകളോടെ പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ സംസ്ഥാനത്തെ പള്ളികളിൽ ഒത്തുകൂടി. വിഭാഗീയത സൃഷ്ടിച്ച് വിശ്വാസികൾ അകന്ന് നിന്നാൽ നാശമുണ്ടാകുമെന്ന് കുർബാന തർക്കം പരാമർശിച്ച് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കുർബാനയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എറണാകുളത്തെ സെന്റ് മേരീസ് ബസിലിക്കയിലെ പാതിരാ കുർബാന ഒഴിവാക്കിയിരുന്നു. ഏകീകൃത കുര്‍ബാന ക്രമത്തിനനുസൃതമായാണ് കര്‍ദിനാള്‍ കുര്‍ബാന അര്‍പ്പിച്ചത്.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പേരിൽ വീട് നഷ്ടപ്പെട്ടവരെ പരാമർശിച്ച ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, വികസനത്തിന്റെ പേരിൽ ഗോഡൗണുകളിൽ കഴിയുന്നവരെയും ഓർക്കണമെന്ന് പറഞ്ഞു. വിഴിഞ്ഞത്ത് ആളുകൾ ഗോഡൗണുകളിൽ കിടക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്കി.