അബുദാബി: നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മയ്ക്ക് ദാരുണാന്ത്യം. അബുദാബിയിലാണ് സംഭവം. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) കുടുംബവഴക്കിനിടെ മരുമകളുടെ മർദ്ദനമേറ്റ് മരിച്ചത്. അബുദാബി ഗയാത്തിയിലെ മകന്റെ വീട്ടിലായിരുന്നു റൂബി താമസിച്ചിരുന്നത്.
വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ, മരുമകൾ ഷജന റൂബിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന് സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും സഞ്ജു അബുദാബിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മരുമകൾ റൂബിയുമായി എപ്പോഴും വഴക്കായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ റൂബിയുടെ മകന് സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
