സേമ: സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ്(26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്.
നാല് വർഷമായി ഇന്ത്യന്‍ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു വൈശാഖ്. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് വൈശാഖ് മടങ്ങിയത്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സൈനിക ട്രക്ക് അപകടത്തിൽ 16 സൈനികരാണ് കൊല്ലപ്പെട്ടത്. വടക്കൻ സിക്കിമിലെ സെമ പ്രദേശത്ത് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വടക്കൻ സിക്കിമിലെ ചാറ്റനിൽ നിന്ന് താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. സെമ പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ തിരിയുന്നതിനിടെ ട്രക്ക് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മൂന്ന് ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരും 13 സൈനികരും കൊല്ലപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.