കൊച്ചി: പ്രശസ്ത സംവിധായകൻ എം. മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന് എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’, ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. 2005 ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം.

തിരുവനന്തപുരത്ത് നടന്ന ‘എം.കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് വരുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ൻ കോളജിൽ ബികോം പഠിക്കാൻ ചേർന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. തുടർന്ന് സംവിധായകൻ എം. കൃഷ്ണൻ നായരെ പരിചയപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. ഇന്നസന്റിനെ സിനിമയിലെത്താൻ സഹായിച്ചതും മോഹനാണ്. ഇന്നസന്റുമായി ചേര്‍ന്ന് സിനിമകൾ നിര്‍മ്മിച്ചു. നടിയും പ്രശസ്ത നർത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവരാണ് മക്കൾ.
