മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റിൽ ലുക്കും ലൊക്കേഷനും ഒഴികെ, ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ചിത്രത്തിന്റെ ഭാഗമാകുന്ന താരങ്ങളിൽ പലരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ രണ്ട് യുവ അഭിനേതാക്കൾ കൂടി വേഷമിടുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
മലയാളി താരം മനോജ് മോസസും ബംഗാളി നടി കഥ നന്ദിയുമാണ് ചിത്രത്തിൽ മോഹൻലാലിനൊപ്പം എത്തുന്നത്. കഴിഞ്ഞ ദിവസം മനോജ് മോസസിന് ജൻമദിനാശംസകൾ നേർന്ന് വാലിബൻ ടീം ലൊക്കേഷനിൽ ലളിതമായ ആഘോഷം സംഘടിപ്പിച്ചിരുന്നു. മോഹൻലാലിന്റെയും ലിജോയുടെയും സാന്നിധ്യത്തിൽ കേക്ക് മുറിക്കുന്ന വീഡിയോ മനോജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. നടിയും ഈ ഫ്രെയിമിൽ ഉണ്ട്. അതേസമയം ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിരവധി അഭിനേതാക്കളുടെ പേരുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മറാത്തി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ, മണികണ്ഠൻ ആചാരി, സുചിത്ര നായർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.