ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിനോട് വിടപറഞ്ഞ് കലാകേരളം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വിലാപ യാത്രയോടെ മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി. ചലച്ചിത്ര, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുടയിലെ ടൗൺഹാളിലും വീട്ടിലും കഴിഞ്ഞ രണ്ട് ദിവസമായി ആയിരക്കണക്കിന് ആളുകളാണ് ഇന്നസെൻ്റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. മലയാള സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം ഇതുവരെ പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ലാൽ തുടങ്ങി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം തന്നെ ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിയിരുന്നു.