മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ.കെ, വേണു സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുള്ള സംവിധായകനാണ് ആൽവിൻ ഹെൻറി. ചിത്രത്തിന്റെ പോസ്റ്റർ ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് റിലീസ് ചെയ്തു.
‘അക്ഷരലോകത്തെ പ്രതിഭകൾ’ എന്ന് വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി.ആർ ഇന്ദുഗോപനും തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ മാത്യു തോമസാണ് ചിത്രത്തിൽ ‘ക്രിസ്റ്റി’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ.
റോക്കി മൗണ്ടൻ സിനിമാ സിന്റിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതാദ്യമായാണ് പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത്. കടലും കായലും കൂടിച്ചേരുന്ന പൊഴിയാണ് പൂവാറിന്റെ പ്രത്യേകത. ഈ പ്രദേശത്തെ സംസ്കാരം, ആചാരങ്ങൾ, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.