മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. രണ്ട് ദിവസം മുമ്പ് നിർമ്മാതാക്കളായ ജോൺ & മേരി ക്രിയേറ്റീവ്സ് 23ന് ടൈറ്റിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി മോഹൻലാലും ലിജോയും നിർമ്മാതാക്കളും പോസ്റ്ററിന്റെ ചില ഭാഗങ്ങൾ പേര് വെളിപ്പെടുത്താതെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ടൈറ്റിൽ എന്തായിരിക്കുമെന്ന് പ്രവചിച്ച് ആരാധകരും രംഗത്തെത്തി. മലൈക്കോട്ടൈ വാലിബൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മോഹൻലാൽ ഉൾപ്പെടെ ചിത്രത്തിലെ അഭിനേതാക്കൾ ആരുമില്ലാത്ത ടൈറ്റിൽ ഡിസൈൻ മാത്രമാണ് പോസ്റ്ററിലുള്ളത്. ഒപ്പം ക്രൂവിന്റെ പേരുകളും വിശദാംശങ്ങളും. ഓള്‍ഡ് മങ്ക്സും ചിത്രകാരൻ കെ.പി.മുരളീധരനും ചേർന്നാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തലക്കെട്ടിന് മുകളിൽ മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന എന്നാണ് നൽകിയിരിക്കുന്നത്. പതിവുപോലെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന് തലക്കെട്ടിന് മുകളിൽ ഒരു ആലേഖനവുമുണ്ട്.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ഗോകുൽ ദാസും വസ്ത്രാലങ്കാരം റോണക്സ് സേവ്യറുമാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവയും നിർമ്മാണ പങ്കാളികളാണ്. മോഹൻലാലിനെക്കൂടാതെയുള്ള അഭിനേതാക്കളുടെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. മോഹൻലാലും ലിജോയും ഒന്നിക്കുന്ന ചിത്രം വരുന്നു എന്ന സോഷ്യൽ മീഡിയയിൽ ഏറെക്കാലമായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബർ 25 നാണ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.