അക്ര: 12കാരിയെ മാലചാർത്തി വിവാഹം ചെയ്ത് 63കാരനായ മതപുരോഹിതൻ. ഘാനയിലെ അക്രയിലാണ് സംഭവം. ശൈശവ വിവാഹം ഘാനയിൽ നിയമവിരുദ്ധമാണ്. സംഭവത്തിനെതിരെ നിരവധിയാളുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചു. നൂമോ ബോർകെതെ ലാവേ ത്സുരു 33ാമൻ എന്ന മതപണ്ഡിതനാണ് കുട്ടിയെ വിവാഹം ചെയ്തത്. ഘാനയിൽ ഏറെ പ്രശസ്തനായ മതപണ്ഡിതനാണ് ഇയാൾ.
ശനിയാഴ്ച വലിയൊരു മതചടങ്ങിൽ വച്ചാണ് പണ്ഡിതൻ കുട്ടിയെ വിവാഹം ചെയ്തത്. സംഭവം വലിയ വിവാദമായിട്ടും ത്സുരുവിനെ അദ്ദേഹത്തിന്റെ സമുദായനേതാക്കൾ പിന്തുണച്ചു. കുട്ടിയ്ക്ക് 12 അല്ല 16 വയസാണുള്ളതെന്നാണ് ഇവരുടെ വാദം. സംഭവം ബിബിസിയടക്കം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ വിവിധ മേഖലകളിൽ നിന്ന് ശക്തമായ വിമർശനം ഉണ്ടായി. ഇതോടെയാണ് സമുദായ നേതാക്കൾ മറുവാദവുമായി എത്തിയത്.ghanaഘാനയിൽ വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധി 18 വയസാണ്. വെള്ളവസ്ത്രവും തലേക്കെട്ടുമാണ് കുട്ടിയുടെ വസ്ത്രം. മതപണ്ഡിതനും ഇതേ നിറത്തിലുള്ള വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. ചടങ്ങിനിടെ മറ്റ് സ്ത്രീകൾ കുട്ടിയെ കളിയാക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കേൾക്കാം. തീർത്തും പരമ്പരാഗത രീതിയിലുള്ള മതപരമായ ആചാരമാണ് ഇതെന്നാണ് മതവിഭാഗത്തിലെ മറ്റ് പണ്ഡിതർ അറിയിച്ചത്. കുട്ടിയുടെ പഠനത്തെ ഈ വിവാഹം ബാധിക്കില്ലെന്നും ഇവർ പറയുന്നു. സംഭവം വലിയ വിവാദമായതോടെ പൊലീസ് കുട്ടിയെ കണ്ടെത്തി. നിലവിൽ കുട്ടിയും അമ്മയും പൊലീസ് സംരക്ഷണത്തിലാണ്. ഘാന സർക്കാർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.