തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെ ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ വീഡിയോകൾ നിർമ്മിക്കുന്നത് മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇതിനെ ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യരുത്. വർഗീയ കലാപത്തിൽ ഒരു ഭരണാധികാരിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിനാണ് ബിബിസിയിൽ റെയ്ഡ് നടത്തിയത്. ഇവിടത്തെ റെയ്ഡ് ഏതെങ്കിലും ഭരണാധികാരിക്കോ സർക്കാരിനോ എതിരെയല്ല. അതുകൊണ്ട് തന്നെ അതിനെ പ്രതികാര നടപടി എന്ന് വിളിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
2022 നവംബറിൽ പൊതുവിദ്യാലയങ്ങൾ ലഹരിയുടെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സ്കൂൾ യൂണിഫോം ധരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവതരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഓഗസ്റ്റിൽ പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനരാവിഷ്കരിച്ച് സംപ്രേഷണം ചെയ്തെന്നാണ് പുതിയ പരാതി. പി.വി.അൻവർ എം.എൽ.എയുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ഇത്തരത്തിൽ വീഡിയോയുടെ പേരിൽ ദുരുപയോഗം ചെയ്തതിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. എറണാകുളത്ത് എസ്.എഫ്.ഐ ചാനൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്ഥാപനത്തിന്റെ പരാതിയെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.