പത്തനംതിട്ട: ശബരിമലയിലെ മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. രാവിലെ 5 മണിക്ക് തിരുവാഭരണം ശ്രാന്പിക്കൽ കൊട്ടാരത്തിൽ നിന്ന് വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചിരുന്നു.
പന്തളം കൊട്ടാരം, ദേവസ്വം ബോർഡ്, ക്ഷേത്ര ഉപദേശക സമിതി എന്നിവരുടെ നേതൃത്വത്തിലാണ് തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. വലിയ കോയിക്കൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം രാത്രി 11.30 വരെ തിരുവാഭരണ ദർശനം നടത്താൻ ഭക്തർക്ക് അവസരമുണ്ട്.
25 പേരാണ് തിരവാഭരണ പേടകവാഹക സംഘത്തിലുള്ളത്. ഗുരു സ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയാണ് തിരുവാഭരണം തലയിലേറ്റുന്നത്. അനാരോഗ്യം കാരണം അദ്ദേഹം എല്ലായ്പ്പോഴും ഘോഷയാത്രയിൽ ഉണ്ടാകില്ല. ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് ആദ്യ ദിവസം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹ സത്രത്തിലും തങ്ങും. പന്തളം ഊട്ടുപുര കൊട്ടാരത്തിലെ രാജരാജവർമ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി. മകരവിളക്ക് ശനിയാഴ്ചയാണ്.