മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമ മേജറിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പലകുറി റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രമാണിത്.മെയ് 27 ആണ് പുതിയ റിലീസ് തീയതി. ഹിന്ദിക്കു പുറമെ തെലുങ്കിലും മലയാളത്തിലുമായി ലോകമെമ്ബാടുമുള്ള പ്രദര്‍ശന ശാലകളില്‍ ചിത്രം ഈ ദിവസമെത്തും.
ശശികിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് (Adivi Sesh) ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ. ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9ന് ശേഷം സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍.