കൊച്ചി: ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം പുറത്തറിഞ്ഞതോടെ അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മജ്ലിസ് ഹോട്ടലിലെ മുഖ്യ പാചകക്കാരൻ പോലീസ് കസ്റ്റഡിയിലാണ്. ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി ഉയർന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
20 പേരാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ മറ്റ് ജില്ലകളിലും ചികിത്സ തേടിയിട്ടുണ്ട്. കുന്നുകര എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ ഒമ്പത് പേർ. കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. ഹോട്ടലിൽ നിന്ന് കുഴിമന്തി, അൽഫാം, ഷവായ് എന്നിവ കഴിച്ചവരെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്ക് പ്രശ്നമില്ല. മാംസാഹാരം കഴിച്ചതാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് സൂചന.