കടയ്ക്കൽ: കടയ്ക്കൽ സ്വദേശി ബിന്ദു ഡൽഹിയിലേക്ക്. സംസ്ഥാനത്തെ മികച്ച കർഷക എന്ന ഖ്യാതിയുമായാണ് ഡൽഹിയിൽ നടക്കുന്ന മഹിളാ അന്ന സ്വരാജ് ദേശീയ കൺവെൻഷനിൽ കടയ്ക്കൽ കുറ്റിക്കാട് സ്വദേശി പ്രതിനിധിയായെത്തുന്നത്.
സി ഐ എസ് എഫ് ൽ എസ് ഐ തസ്തികയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് മോഹൻറാജിയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ ട്രാൻസ്ഫറുകളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞു വരുമ്പൊഴും അടുക്കളത്തോട്ടവും ജൈവ കൃഷിയും തന്നെയായിരുന്നു ബിന്ദുവിൻ്റെ ഏക സന്തോഷം.
ട്രാൻസ്ഫറുകൾക്കൊടുവിൽ 2010 ൽ നാട്ടിൽ സ്ഥിരതാമസമാക്കിയതോടെയാണ് ബിന്ദു ജൈവ പച്ചക്കറി കൃഷി യെ ഗൗരവപൂർണ്ണമായി സമീപിക്കാൻ തുടങ്ങിയത്. സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം നൽകുന്ന മികച്ച കർഷകയ്ക്കുള്ള പുരസ്കാരം ആ വർഷം തന്നെ ബിന്ദുവിനെ തേടിയെത്തി. 2015 ലും 2017 ലും മികച്ച വനിതാ കർഷകയായി തെരഞ്ഞെടുത്ത് കടയ്ക്കൽ പഞ്ചായത്തും ആദരം നൽകി. സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരവും 2020ൽ ലഭിച്ചു.
2019 ൽ കുറ്റിക്കാട് ആവണി കുടുംബശ്രീ യൂണിറ്റിൽ അംഗമായ ബിന്ദു ഉടനെ തന്നെ ജൈവിക നഴ്സറി എന്ന പേരിൽ സ്വന്തം വീടിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അത്യുൽപ്പാദന ശേഷിയുള്ള ജൈവ പച്ചക്കറി തൈകളുടെ ഉൽപ്പാദന കേന്ദ്രം ആരംഭിച്ചു.ഇവിടെ തയ്യാറാക്കുന്ന തൈകൾ കടയ്ക്കൽ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും വിവിധ പദ്ധതികൾക്കായി നൽകി വരികയാണ്. ഇതിനിടെ കുടുംബശ്രീ അടക്കമു ള്ള വിവിധ ഏജൻസികൾക്കും സ്കൂളുകളിലെ വിവിധ ക്ലബ്ബുകളുടെ പച്ചക്കറി കൃഷി കൂട്ടായ്മകൾക്ക് പ്രോജക്ടുകളും പരിശീലനവും ബിന്ദു നൽകുന്നുണ്ട്.
ഇതിന് പുറമെ ആട് വളർത്തൽ, പശു പരിപാലനം, ഫലവൃക്ഷ തൈകളുടെ ഉൽപ്പാദനം, പുഷ്പകൃഷി തുടങ്ങിയവയും മാതൃകാപരമായി നടത്തി വരുന്നതിനിടെയാണ് ഏപ്രിൽ 7മുതൽ 9 വരെ ഡൽഹിയിൽ നടക്കുന്ന മഹിളാ അന്ന സ്വരാജ് ദേശീയ കൺവെൻഷനിൽ ജൈവ പച്ചക്കറി കൃഷിയുടെ മികച്ച മാതൃക എന്ന നിലയിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നുള്ള 2 പേരിൽ ഒരാളായി ബിന്ദു തെരഞ്ഞെടുക്കപ്പെടുന്നത്. ആർമി ഉദ്യോഗസ്ഥനായ ആഷിക് എം.ബി, വിദ്യാർത്ഥി അജേഷ് എം ബി എന്നിവർ മക്കളാണ്.
