
മനാമ: ബഹ്റൈനിലെ കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ കലാ–സാംസ്കാരിക ഉണർവായി മാറുന്ന മഹർജാൻ 2K25 കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
“ഒന്നായ ഹൃദയങ്ങൾ, ഒരായിരം സൃഷ്ടികൾ” എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവത്തിന് നവംബർ 20, 21 തീയതികളിൽ മുഹറഖ് കെഎംസിസി ഓഫീസും, 27, 28 തീയതികളിൽ മനാമ കെഎംസിസി ഹാളും വേദിയാകും. സർഗ്ഗാത്മകതയും സൗഹാർദ്ദവും സമന്വയിപ്പിക്കുന്ന മഹർജാൻ 2K25,പ്രവാസി വിദ്യാർത്ഥികളിലെ മികച്ച കലാപ്രതിഭകളെ കണ്ടെത്താനുള്ള വേദിയായി മാറും.വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ കൂടുതൽ പ്രശോഭിതമാക്കുക എന്നതാണ് കലോത്സവം ലക്ഷ്യം വെക്കുന്നത്.
കലോത്സവത്തിന്റെ തയ്യാറെടുപ്പിനായി സംസ്ഥാന, ജില്ലാ, ഏരിയ തലങ്ങളിലായി ചർച്ചകളും സംഘാടക സമിതി രൂപീകരണവും പൂർത്തിയായി.കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയിൽ പ്രോഗ്രാം, ഫിനാൻസ്,മീഡിയ,റജിസ്ട്രേഷൻ,ഫുഡ്, സോവനീർ, ടെക്നിക്കൽ, സ്റ്റേജ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തോടനുബന്ധിച്ച് മത്സരങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും വിധി നിർണ്ണയ മാനദണ്ഡങ്ങളും ഉൾക്കൊള്ളുന്ന മാനുവൽ സംഘാടകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കലാസ്വാദകരെ പങ്കാളികളാക്കുന്നതിനായി, കലോത്സവാനുഭവങ്ങൾ പങ്കുവെക്കുന്ന “മൈ മഹർജാൻ” വീഡിയോ ക്യാമ്പയിൻ ആരംഭിക്കും.കലോത്സവത്തിന്റെ ആവേശം വിവിധ പ്രദേശങ്ങളിലെത്തിക്കാൻ സംസ്ഥാന സ്റ്റുഡന്റ്സ് വിങ് നേതാക്കളുടെ സാന്നിധ്യത്തിൽ ഏരിയ തലത്തിൽ “എവൈകനിങ് കോൾ” എന്ന പേരിൽ മീറ്റിംഗുകൾ സംഘടിപ്പിച്ചു. കിഡ്സ് , സബ് ജൂനിയർ , ജൂനിയർ , സീനിയർ എന്നീ 4 വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളിലായാണ് വിദ്യാർത്ഥികൾ മത്സരിക്കുക.വ്യക്തിഗത ഇനങ്ങളിൽ നവംബർ 7 നും ഗ്രൂപ്പ് ഇനങ്ങളിൽ നവംബർ 10 നും റജിസ്ട്രേഷൻ അവസാനിക്കും. കലോത്സവത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 33495624,33674020 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സ്റ്റുഡന്റ്സ് വിങ് ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി, കൺവീനർ ശറഫുദ്ധീൻ മാരായമംഗലം, കെഎംസിസി വൈസ് പ്രസിഡന്റ് ഏ പി ഫൈസൽ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ മുനീർ ഒഞ്ചിയം, വർക്കിങ് കൺവീനർ ശിഹാബ് പൊന്നാനി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി കെ ഇസ്ഹാഖ്, മീഡിയ കമ്മിറ്റി കൺവീനർ ടി ടി അഷ്റഫ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


