
ലക്നൗ ∙ മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർഥാടകർ ഒഴുകിയെത്തിയതോടെ പ്രയാഗ്രാജിൽ വൻ ഗതാഗതക്കുരുക്ക്. ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയിൽ കുടുങ്ങിയതായാണു റിപ്പോർട്ട്. ആൾത്തിരക്ക് കൂടിയതിനാൽ വെള്ളിയാഴ്ച വരെ പ്രയാഗ്രാജ് സംഗം റെയിൽവേ സ്റ്റേഷൻ അടച്ചിട്ടു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
സംഗം റോഡിൽ ഒച്ചിഴയും വേഗത്തിലാണു നൂറുകണക്കിനു വാഹനങ്ങൾ നീങ്ങുന്നത്. പ്രയാഗ്രാജിലേക്കു പോകുന്നവരുടെ വാഹനനിര 200 മുതല്‍ 300 കിലോമീറ്റര്‍ വരെ നീളമുള്ള ഗതാഗതക്കുരുക്കായെന്നും മുന്നോട്ടു പോകാനാകുന്നില്ലെന്നും മധ്യപ്രദേശിലെ മൈഹര്‍ പൊലീസ് പറഞ്ഞു. പ്രയാഗ്രാജിലേക്ക് എത്താൻ 24 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വന്നെന്നു ഫരീദാബാദിൽ നിന്നുള്ളവർ പരാതിപ്പെട്ടു. 4 കിലോമീറ്റർ പിന്നിടാൻ മണിക്കൂറുകളോളം വേണ്ടിവന്നെന്നു ജയ്പുരിൽനിന്നുള്ള കുടുംബം പറഞ്ഞു. ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടെന്നും പരാതികളുയർന്നു.
സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ‘‘വിശപ്പും ദാഹവും സഹിച്ച് ക്ഷീണിതരായ തീർഥാടകർ ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുകയാണ്. ഇവരോടു മനുഷ്യത്വത്തോടെ ഇടപെടേണ്ടേ? സാധാരണ തീർഥാടകരും മനുഷ്യരല്ലേ? സിനിമകൾക്കു വിനോദനികുതി ഒഴിവാക്കാറുള്ളതു പോലെ, മഹാകുംഭമേള സമയത്തു യുപിയിൽ വാഹനങ്ങൾക്കു ടോൾ ഒഴിവാക്കണം. ഇതു ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും. വ്യാജപരസ്യങ്ങൾ നൽകുകയാണു സർക്കാർ. കുംഭമേളയുടെ ക്രമീകരണങ്ങളിൽ സർക്കാർ പരാജയപ്പെട്ടു’’– അഖിലേഷ് പറഞ്ഞു.
ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതൽ ഇതുവരെ 43 കോടി ഭക്തരാണു സ്നാനത്തിനായി എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരും സ്നാനത്തിൽ പങ്കെടുത്തു.
