ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി തമിഴ് നടന് ധനുഷ്. വാഹനത്തിനു നികുതി ഇളവ് നല്‍കണമെന്ന ധനുഷിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പണക്കാര് എന്തിനാണ് നികുതി ഇളവ് തേടി സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു.
യുകെയില്‍ നിന്ന് റോള്‍സ് റോയ്സ് കാര്‍ ഇറക്കുമതി ചെയ്യുന്നതിന് എന്‍ട്രി ടാക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2018ല്‍ സുപ്രീം കോടതി പ്രശ്നം തീര്‍പ്പാക്കിയിട്ടും നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ താരത്തെ ഹൈക്കോടതി വിമര്‍ശിച്ചു.
നികുതിദായകരുടെ പണമുപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡിലൂടെയാണ് നിങ്ങള്‍ ആഡംബര കാര്‍ ഓടിക്കാന്‍ പോകുന്നത്. ഒരു പാല് കച്ചവടക്കാരനും ദിവസവേതനക്കാരനുമൊക്കെ ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതില്‍ നിന്ന് മുക്തരാക്കണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല. എത്ര കാര്‍ വാങ്ങിയാലും അത്ര കാറിനും നികുതി അടയ്ക്കാന്‍ തയ്യാറാവണം. നിങ്ങള്‍ ഹെലികോപ്റ്റര്‍ വേണമെങ്കിലും വാങ്ങിക്കോളൂ. പക്ഷേ കൃത്യമായി നികുതി അടയ്ക്കണം. അത് നീട്ടിക്കൊണ്ടുപോകരുത്. കോടതിയെ സമീപിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സുപ്രീം കോടതിയുടെ തീര്‍പ്പ് വന്ന 2018നു ശേഷമെങ്കിലും നികുതിയടച്ച്, ഹര്‍ജി നിങ്ങള്‍ പിന്‍വലിക്കണമായിരുന്നു”, ജസ്റ്റിസ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.
നടന് ഇതിനകം 50% നികുതി അടച്ചുവെന്നും ഇപ്പോള്‍ ബാക്കി തുക നല്കാന് തയ്യാറാണെന്നും ധനുഷിന്റെ അഭിഭാഷകന് കോടതിയെ അറിയിക്കുകയുണ്ടായി. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം.
നേരത്തെ ആഡംബര കാറിന് നികുതിയിളവ് ആവശ്യപ്പെട്ട നടന് വിജയിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിജയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുബ്രമഹ്ണ്യം ആണ് ധനുഷിനെയും വിമര്‍ശിച്ചത്. ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് തേടി വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ട് സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നു. സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആയി മാറരുതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നീട് ഡിവിഷന് ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ ലഭിച്ചു. അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.