തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണ്. കേരളം അപമാനഭാരത്താൽ തലകുനിച്ച് നിന്ന സംഭവമാണ് മധുവിന്റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്റെ മുഖം. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു, മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.
സർക്കാരിന്റെ താൽപര്യപ്രകാരം പ്രോസിക്യൂഷനെ സഹായിക്കാൻ പൊലീസിന്റെ പ്രത്യേക ടീമിനെ നിയോഗിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. കൂറു മാറിയ സാക്ഷികൾക്കെതിരായ നടപടി, വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷികൾക്കെതിരായ നടപടി, കളവായി മൊഴി നൽകിയവക്കെതിരായ നടപടി എന്നിവ പ്രോസിക്യൂഷന് ശക്തി പകർന്നു. കേസിലെ പൊലീസ് ഇടപെടീലുകളും അഭിനന്ദനാർഹമാണ്. കേസിന് ഹാജരാകുന്നതിനും സാക്ഷികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പട്ടിക വർഗ പ്രമോട്ടർമാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മധുവിന്റെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും എസ് സി – എസ്ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരം എന്ന നിലയിൽ 8, 25,000 രൂപയും അനുവദിച്ചിരുന്നു.