തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍നിന്ന് കടല്‍ മത്സ്യങ്ങള്‍ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളില്‍കൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.