
മധുര: സി.പി.എം. ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. പി.ബി. യോഗത്തില്‍ എം.എ. ബേബിയുടെ പേര് എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പില്ലാതെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.
നേരത്തെ ബേബിയെ എതിര്‍ത്ത ബംഗാള്‍ ഘടകം പിന്നീട് പിന്മാറിയിരുന്നു. ഇ.എം.എസിനു ശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന കേരള ഘടകത്തില്‍നിന്നുള്ളയാളാണ് ബേബി.
18 അംഗ പൊളിറ്റ് ബ്യൂറോയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. എം.എ. ബേബി, മുഹമ്മദ് സലിം, പിണറായി വിജയന്, ബി.വി. രാഘവലു, തപന്‍ സെന്‍, നീലോത്പല്‍ ബസു, രാമചന്ദ്ര ഡോം, എ. വിജയരാഘവന്, അശോക് ധാവ്ളെ, എം.വി. ഗോവിന്ദന്, യു. വാസുകി, വിജു കൃഷ്ണന്, ആര്. അരുണ്‍കുമാര്‍, മറിയം ധാവ്ളെ, ജിതേന്‍ ചൗധരി, ശ്രീദീപ് ഭട്ടാചാര്യ, അമ്രാ റാം, കെ. ബാലകൃഷ്ണന് എന്നിവരാണ് പി.ബി. അംഗങ്ങള്‍.
മഹാരാഷ്ട്ര, യു.പി. ഘടങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരം നടന്നു. കേന്ദ്ര കമ്മിറ്റിയിലേക്കു മത്സരിച്ച സി.ഐ.ടി.യു. ദേശീയ വൈസ് പ്രസിഡന്റും പാര്‍ട്ടി മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡി.എല്‍. കരാഡ് പരാജയപ്പെട്ടു. 729 പേര് വോട്ട് ചെയ്തപ്പോള്‍ 31 വോട്ടുകള്‍ മാത്രമാണ് കരാഡിനു ലഭിച്ചത്. ഇതോടെ കേന്ദ്ര കമ്മിറ്റി മുന്നോട്ടുവെച്ച 84 അംഗ പാനല്‍ അംഗീകരിക്കപ്പെട്ടു.
എല്ലാവര്ക്കും പ്രാതിനിധ്യം വേണമെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായാണ് മത്സരിച്ചതെന്നും കരാഡ് വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി പാനലില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ചുകൊണ്ട് യു.പി, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പുന്നയിച്ചതോടെയാണ് കേന്ദ്ര കമ്മിറ്റിയിലേക്കു മത്സരം നടന്നത്.
കേരളത്തില്‍നിന്ന് പുതുതായി മൂന്നു പേരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്, കെ.എസ്. സലീഖ എന്നിവരെയാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പി.കെ. ശ്രീമതി കേന്ദ്ര കമ്മിറ്റിയില്‍ തുടരും.
അതേസമയം പി.ബിയില്‍നിന്ന് പ്രായപരിധി കാരണം ഒഴിയുന്ന 6 പേരെ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സി.പി.എം. ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന് പിള്ള, ബിമന്‍ ബസു, ഹനന്‍ മൊള്ള എന്നിവരെയാണ് പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ മാത്രം പേരാണ് പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബംഗാളില്‍നിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോല്‍പല്‍ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍നിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തത്.
