വടകര: മയ്യഴിയുടെ കഥാകാരൻ പിറന്നാൾ സന്തോഷം പങ്കിടാൻ എത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ. സൊസൈറ്റിയുടെ ക്യാന്റീനിൽ മറ്റുള്ളവർക്കൊപ്പം പിറന്നാൾസദ്യ കഴിച്ച എം. മുകുന്ദനും പത്നി ശ്രീജ മുകുന്ദനും പിന്നീട് ചെയർമാന്റെ ഓഫീസിലെത്തി പിറന്നാൾക്കേക്കു മുറിച്ചു. പത്നി കൊടുത്ത കേക്കു നുണഞ്ഞ കഥാകാരൻതന്നെ മറ്റുള്ളവർക്ക് കേക്കു പങ്കുവച്ചു. മുകുന്ദന്റെ 79–ാം പിറന്നാളായിരുന്നു.
ഉച്ചയോടെ സൊസൈറ്റിയിൽ എത്തിയ മുകുന്ദനെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പൊന്നാട അണിയിച്ചു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ ഗിഫ്റ്റ് എ ട്രഡിഷൻ പരിപാടിയിലെ സവിശേഷമായ സമ്മാനപ്പെട്ടി പിറന്നാൾ ഉപഹാരമായി ചെയർമാൻ സമ്മാനിച്ചു. പെട്ടി തുറന്ന് അതിലെ കൈത്തറിവസ്ത്രങ്ങളും മറ്റും പരിശോധിച്ച മുകുന്ദൻ കേരളീയകലാകാരരുടെ കരവിരുതിനെ അഭിനന്ദിച്ചു.
കണ്ണൂർ സർവ്വകലാശാലാ മുൻ രജിസ്റ്റ്രാർ ഡോ: കെ.എച്ഛ്. സുബ്രമണ്യനും ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി പി.വി. കുമാരൻ മാസ്റ്ററും ഒപ്പമുണ്ടായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ മുൻകൈയിൽ തുടങ്ങാൻ ആലോചിക്കുന്ന വാഗ്ഭടാനന്ദ ചെയറിനെപ്പറ്റിയുള്ള ആലോചനകൾക്കായി രാവിലെയും മുകുന്ദൻ സൊസൈറ്റിയിൽ എത്തിയിരുന്നു.
ആത്മവിദ്യാസംഘത്തിലും സൊസൈറ്റിയിലും അതുവഴി പോകുമ്പോഴെല്ലാം സന്ദർശിക്കാറുള്ള മുകുന്ദൻ താൻ സൊസൈറ്റിയുടെ അഭ്യുദയകാംക്ഷിയാണെന്ന് ദീർഘകാലബന്ധം അനുസ്മരിച്ചുകൊണ്ടു പറഞ്ഞു.