തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങളിൽപ്പെട്ട നടനും എം.എൽ.എയുമായ മുകേഷിനെതിരായ കേസും രാജിക്കാര്യവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല. ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗം മുകേഷ് വിഷയം ചര്‍ച്ച ചെയ്തേക്കുമെന്ന് അറിയുന്നു. എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള മുകേഷിന്റെ രാജി അനിവാര്യമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു.
മുകേഷ് രാജിവെക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തെ കേരളം ഉറ്റുനോക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം പാർട്ടി ചര്‍ച്ച ചെയ്തില്ല. കൊല്ലത്തെ നേതാക്കളുടെ അഭിപ്രായവും മുകേഷിന്റെ വിശദീകരണവും തേടാനാണ് പാർട്ടി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണ് പൊതുധാരണ. സംഘടനാ വിഷയങ്ങളും പാർട്ടി സമ്മേളനവുമായിരുന്നു സെക്രട്ടറിയേറ്റ് ലോകത്തിലെ പ്രധാന ചര്‍ച്ച.
സമാന കേസുകളിൽ പ്രതികളായ 2 കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചിട്ടില്ലെന്നും അതിനാൽ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സി.പി.എം. നിലപാട്.