തിരുവനന്തപുരം: ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാള്‍ ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുകയാണ്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണ് തിരുവനന്തപുരത്തേത്.
എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ ലുലു മാള്‍ കാരണം കോളടിച്ചിരിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനാണ്. 3.5 കോടി രൂപയാണ് നികുതി ഇനത്തില്‍ കോര്‍പ്പറേഷനിലേക്ക് ലുലു അധികൃതര്‍ കഴിഞ്ഞ ദിവസം അടച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ടെക്നോപാര്‍ക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാള്‍.
കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതല്‍ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്ക്രീന്‍ സിനിമ, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി ഏറ്റവും വലിയ എന്റര്‍ടെയിന്‍മെന്റ് സെന്റര്‍, 2,500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോര്‍ട്ട്, എന്നിവ മാളിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം ഉള്‍പ്പെടെയുള്ള മാളിന്റെ വിശാല പാര്‍ക്കിംഗ് സൗകര്യം മറ്റ് ആകര്‍ഷണങ്ങളിലൊന്നാണ്.
