മനാമ: ബഹ്റൈനിലെ പ്രമുഖ റസ്റ്റോറന്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ഭക്ഷണമേള ഇന്ന് (വെളളിയാഴ്ച) സമാപിക്കും. വ്യത്യസ്തമായ ഇന്ത്യൻ രുചികളെ ഈ മേളയിലൂടെ അനുഭവിച്ചറിയാൻ കഴിയും. മെയിൻറോഡിനോട് ചേർന്നുള്ള ദാനാ മാളിന്റെ വിശാലമായ പാർക്കിംഗ് ഏരിയയിൽ ആണ് ഇന്ത്യൻ ഭക്ഷണ മേള നടക്കുന്നത്. വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന ഭക്ഷ്യമേള 11 മണി വരെ നീണ്ടുനിൽക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഭക്ഷണ മേള ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയുടെ നാടൻ വിഭവങ്ങൾ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ, ഇന്ത്യയിലെ ടിബറ്റൻ സമൂഹം ജനപ്രിയമാക്കിയ മോമോസ്, കേരളത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള വിഭവങ്ങൾ, മുംബൈയുടെ തനതായ സ്ട്രീറ്റ് ഫൂഡ്സ്, ബംഗാളിൽ നിന്നുള്ള മധുരപലഹാരങ്ങൾ എന്നിവയുടെ രുചിഭേദങ്ങൾ മേളയിൽ ആസ്വദിക്കാം.
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് ബഹ്റൈനിൽ നടത്തുന്ന ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമായാണ് ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുളളത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഈ കാലയളവിൽ പ്രത്യേക ഓഫറുകളുമുണ്ട്. ആകർഷകമായ വിലക്കിഴിവോടെ ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപണന മേളയായ ‘ഇന്ത്യ ഫെസ്റ്റ്’ ഫെബ്രുവരി 6 വരെ നീണ്ടു നിൽക്കും.