മനാമ: ദാന മാളിലെ നവീകരിച്ച ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ബഹ്റൈൻ ഉപഭോക്താക്കൾക്ക് ഒരു പുതിയ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായിട്ടാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡാന മാൾ സ്റ്റോർ 40 ശതമാനം അധികമായി സജ്ജീകരിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ധാന്യങ്ങൾ തെരഞ്ഞെടുത്ത് നൽകിയാൽ അവിടെ വെച്ചുതന്നെ പൊടിച്ചു നൽകുന്നതിനുള്ള ഫ്ലോർമില്ല് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യത്യസ്ത ഭക്ഷണ രീതികളും ഇവിടെ പരിചയപ്പെടുത്തുന്നു.
2007 ൽ ദാന മാളിലാണ് ബഹ്റൈനിലെ ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാജ്യത്തുടനീളമുള്ള എട്ട് ഹൈപ്പർമാർക്കറ്റുകളിലേക്ക് വിപുലീകരിക്കാൻ ബഹ്റൈൻ ഉപഭോക്താക്കളുടെ സഹകരണവും പിന്തുണയും സഹായിച്ചതായി ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ വാഗ്ദാനം പാലിച്ച് ആദ്യ ഹൈപ്പർമാർക്കറ്റിനെ പുതുപുത്തൻ റീട്ടെയ്ൽ ശൈലിക്കനുസരിച്ച് മാറ്റിയെടുത്തതായും അദ്ദേഹം പറഞ്ഞു.
ജനപ്രിയ ലുലു ഹോട്ട് ഫുഡ്സ് വിഭാഗം, ലുലു ബേക്കറി, ഫ്രോസൺ ഫുഡ്സ് വിഭാഗം എന്നിവ വിപുലമാക്കിയിട്ടുണ്ട്. വിവിധതരം പാചക ലൈവ് സ്റ്റേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള നിരവധി പുതിയ ഇനം ഭക്ഷണങ്ങളും ചേരുവകളും ഇവിടെ ലഭ്യമാണ്. നവീകരണത്തിെൻറ ആദ്യ ഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം 27 ചെക്കൗട്ട് കൗണ്ടറുകളും തുറന്നിട്ടുണ്ട്. വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിൽ കൂടുതൽ സൗകര്യങ്ങളുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് വക്താവ് പറഞ്ഞു.