മസ്കത്ത്: ഒമാനിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള മഴ ഞായറാഴ്ച രാവിലെ വരെ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, അൽവുസ്ത, ദഖിലിയ, മസ്കത്ത് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും മഴ ലഭിക്കുക.
മേഘങ്ങൾ ക്രമേണ തെക്ക്-വടക്ക് ശർഖിയ, ദോഫർ ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധയിടങ്ങളിൽ 10 മുതൽ 70 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 74 കി.മീ. വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒമാൻ തീരത്ത് കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരാം. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
അതേസമയം, തലസ്ഥാന നഗരമായ മസ്കറ്റ് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം നല്ല മഴയാണ് ലഭിച്ചത്. കാറ്റോടും ഇടിമിന്നലോടും കൂടിയാണ് മഴ പെയ്യുന്നത്. മുസന്ദം, സുഹാർ, സഹം, ഷിനാസ്, ഇബ്രി, സലാല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം മഴ പെയ്തത്. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറിയതിനാൽ നേരിയ ഗതാഗതക്കുരുക്കും ഉണ്ടായി.