ഭോപ്പാല്‍: പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിനെ അതേ ഹോസ്പിറ്റലിലെ വാര്‍ഡ് ബോയ് വെടിവച്ച് കൊന്നു.
മധ്യപ്രദേശിലെ ഭിന്ദിലാണ് നടുക്കുന്ന സംഭവം. ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് 26കാരിയായ നഴ്സിനെ അതേ ആശുപത്രിയിലെ ജീവനക്കാരന് കൊന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് ബോയ് റിതേഷ് ശാക്യ എന്നയാള്‍ പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച രാത്രി ഐസിയുവില്‍ വച്ചാണ് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് റിതേഷ് ശാക്യ 26കാരിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഭിന്ദ് പൊലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന് വ്യക്തമാക്കി.
നാല് കുട്ടികളുടെ പിതാവായ റിതേഷ് ശാക്യ 26കാരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം നിശ്ചിച്ച നഴ്സ് ഈ ആവശ്യം നിരസിച്ചു. ഇക്കാര്യം പറഞ്ഞ് റിതേഷ് നഴ്സിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
നടുക്കുന്ന സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിന് തങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മറ്റ് നഴ്സുമാര്‍ ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
