കൊല്‍ക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കരുതെന്ന് സിപിഐഎം ബംഗാൾ കമ്മിറ്റി പ്രാദേശിക ഘടകങ്ങളോട് ആഹ്വാനം ചെയ്തു.
“നിർദ്ദേശങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നു. ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യവും അനുവദിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ തയ്യാറാക്കി വരികയാണ്. ആ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായിട്ടായിരിക്കും ഏരിയാ കമ്മിറ്റികൾ പ്രവർത്തിക്കുക” സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പതിവുപോലെ താഴേത്തട്ടിലുള്ള നേതാക്കളും പ്രവർത്തകരും കൈക്കൊള്ളും. സ്ഥാനാർത്ഥി നിർണയ പ്രക്രിയ അതേപടി തുടരും. തീരുമാനങ്ങൾ ജില്ലാ കമ്മിറ്റികൾ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സംസ്ഥാന കമ്മിറ്റി ഇടപെടുമെന്നും സലിം പറഞ്ഞു.