മനാമ: ജൂൺ 23 മുതൽ 29 വരെയുള്ള കാലയളവിൽ ബഹ്റൈനിലാകമാനം 817 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇതിൽ 62 നിയമലംഘകരായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. 141 നിയമലംഘകരെ നാടുകടത്തി.
പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റുകൾ, സെൻസെൻസ് എൻഫോഴ്സ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയാണ് പരിശോധനകളിൽ പങ്കെടുത്ത മറ്റു സർക്കാർ സ്ഥാപനങ്ങൾ.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ പ്രവർത്തനങ്ങളോ തടയുന്നതിന് സർക്കാർ ഏജൻസികളുമായുള്ള സംയുക്ത ഏകോപനം തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.