മനാമ: ബഹ്റൈനില്‍ വരുന്ന പ്രവാസി ജീവനക്കാര്‍ക്കെല്ലാം സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്) നല്‍കുന്നതിന് സൗകര്യമൊരുക്കാന്‍ തുടങ്ങിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു.
തൊഴിലുടമകള്‍ക്ക് ഇടപാടുകള്‍ സുഗമമാക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് കരാര്‍ ഇടപാടുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസി തൊഴിലാളികളില്‍ അവബോധം വളര്‍ത്താനും ഈ നടപടി ലക്ഷ്യമിടുന്നു.
എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള എല്‍.എം.ആര്.എയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് അതോറിറ്റിയുടെ സി.ഇ.ഒയും മനുഷ്യക്കടത്ത് തടയാനുള്ള ദേശീയ സമിതി ചെയര്‍മാനുമായ നിബ്രാസ് താലിബ് പറഞ്ഞു. ബാങ്കിംഗ് മാര്‍ഗങ്ങളിലൂടെ വേതനം കൈമാറ്റം ചെയ്യാന്‍ ഇത് സൗകര്യമൊരുക്കുന്നു.
തൊഴിലാളികളുടെ വേതനം ഇലക്ട്രോണിക് രീതിയില്‍ നല്‍കാനും പേയ്മെന്റ് രേഖകളുടെ ഡോക്യുമെന്റേഷന് ഉറപ്പാക്കാനും വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ തര്‍ക്കങ്ങള്‍ കുറയ്ക്കാനും വ്യവഹാര പ്രക്രിയകള്‍ വേഗത്തിലാക്കാനും തൊഴിലുടമകളെ സഹായിക്കുന്നതിന് അധിക സൗകര്യങ്ങളൊരുക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍, ഇഷ്യൂ ചെയ്ത ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് എങ്ങനെ സജീവമാക്കാമെന്നതിനെക്കുറിച്ച് ഘട്ടം ഘട്ടമായുള്ള വിശദീകരണം പ്രവാസി ജീവനക്കാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും www.lmra.gov.bh എന്ന അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ അതോറിറ്റിയുടെ കോൾ സെൻ്ററുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.