
മനാമ: ബഹ്റൈനിൽ താമസിക്കുന്നവരും വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായ പ്രവാസി തൊഴിലാളികൾക്കായിലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 6 മാസത്തെ വർക്ക് പെർമിറ്റ് ഓപ്ഷൻ പ്രഖ്യാപിച്ചു.
നിലവിലുള്ള ഒരു വർഷത്തെയും രണ്ടു വർഷത്തെയും പെർമിറ്റ് ഓപ്ഷനുകൾ ചേർത്ത് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കാനും വിപണി നിർദ്ദേശങ്ങളും ആവശ്യങ്ങളും നിറവേറ്റാനും ലക്ഷ്യംവെച്ചാണ് ഈ തീരുമാനം.
ഇത് നിലവിൽ ബഹ്റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമുള്ളതാണെന്നും വിദേശത്തുനിന്നുള്ള പുതിയ റിക്രൂട്ട്മെന്റിന് ഇത് ബാധകമല്ലെന്നും എൽ.എം.ആർ.എ. വ്യക്തമാക്കി. വാണിജ്യ മേഖലയിലേക്കുള്ള പുതിയ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുക, രാജ്യത്തെ നിലവിലുള്ള തൊഴിൽ ശക്തിയിൽനിന്ന് പ്രയോജനം നേടാൻ ബിസിനസ് ഉടമകൾക്ക് ട്രയൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുക തുടങ്ങിയ തൊഴിൽ വിപണിയിലെ നിരവധി നിയന്ത്രണ ലക്ഷ്യങ്ങൾ ഈ നടപടിയിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
തൊഴിലാളികളുടെ നിലവാരത്തെ അടിസ്ഥാനമാക്കി അവരുടെ കാര്യക്ഷമതയും അനുയോജ്യതയും വിലയിരുത്താൻ ഇതുവഴി തൊഴിലുടമകൾക്ക് സാധിക്കും. ഇത് ആത്യന്തികമായി വിജയസാധ്യത വർദ്ധിപ്പിക്കുകയും പ്രവർത്തന ചെലവുകൾ കുറയ്ക്കുകയും ചെയ്യും. സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്താനും കൂടുതൽ സുസ്ഥിരത കൈവരിക്കാനും ഈ സമീപനം ബിസിനസുകാരെ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.lmra.gov.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ എൽ.എം.ആർ.എ. കോൾ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
