തിരുവനന്തപുരം : എല്‍ജെഡി ഔദ്യോഗിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിമത നേതാക്കള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ്, മുതിര്‍ന്ന നേതാവ് സുരേന്ദ്രന് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് നീക്കം പരസ്യമായി പ്രഖ്യാപിച്ചത്. എല്‍ജെഡി സംസ്ഥാന പ്രസിഡന്ർറും എംപിയുമായ ശ്രേയാംസ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിമത നേതാക്കള്‍ ഉയര്‍ത്തിയത്.
തങ്ങള്‍ക്ക് ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന വിമത വിഭാഗം ഇന്ന് ചേര്‍ന്ന യോഗത്തില്‍ 4 ജില്ലാ പ്രസിഡുമാരും 37 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു എന്നും ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി തങ്ങളെ ഇടതുമുന്നണി സ്വീകരിക്കുമെന്നാണ് വിശ്വാസം. യഥാര്‍ത്ഥ എല്‍ ജെ ഡി തങ്ങളെന്ന് ഇടതു നേതൃത്വത്തെ അറിയിക്കും. എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും. പാര്‍ട്ടി സ്ഥാപകന്‍ വീരേന്ദ്രകുമാറിന്റെ മകന് പാര്‍ട്ടിയുടെ അന്തകനായി മാറരുതെന്നും ഷെയ്ക്ക് പി ഹാരിസ് പരിഹസിച്ചു. രാജ്യസഭയില്‍ അംഗമായിരിക്കുന്ന ആള് നിയമസഭയിലേക്കും മത്സരിച്ചു. ആര്‍ക്കാണ് അധികാര കൊതിയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നും നേതാക്കള്‍ പറഞ്ഞു.