വിചിത (യുഎസ്): ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ ഡോ. അച്യുത് റെഡ്ഡി (57)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 25കാരനായ ഉമർ ദത്ത് ആണ് കൃത്യം നടത്തിയത്. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫീസിനു സമീപമായിരുന്നു സംഭവം.
സൈക്യാട്രി ഡോക്ടറുടെ ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഉമർ ദത്ത്. പ്രതി കുറ്റക്കാരനാണെന്ന് നവംബർ 10ന് കണ്ടെത്തിയ കോടതി പിന്നീടാണ് ശിക്ഷ വിധിച്ചത്. 25 വർഷത്തിനുശേഷം പ്രതിക്ക് പരോളിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മാനസിക നിലയിൽ തകരാറുള്ള പ്രതിയെ കറക്ഷനൽ മെന്റൽ ഹെൽത്ത് ഫെസിലിറ്റിയിലേക്കാണ് കോടതി അയച്ചത്.
വിചിത എഡ്ജ്മൂറിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ പ്രതി, ഡോക്ടറുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ പ്രതി പിന്തുടർന്ന് കുത്തുകയായിരുന്നു. താഴെ വീണ ഡോക്ടറുടെ ശരീരത്തിലൂടെ വാഹനം ഓടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് രേഖകളിൽ പറയുന്നത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥനാണ് തിരിച്ചറിഞ്ഞത്. ശരീരത്തിൽ രക്തപ്പാടുകളുമായി പാർക്കിങ് ഏരിയയിൽ കാറിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
’ഉമർ ദത്ത് എന്ന പ്രതി എനിക്ക് സമ്മാനിച്ചത് ജീവപര്യന്തം ദുഃഖവും ഭയവുമാണ്. കഴിഞ്ഞ നാലു വർഷമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല. എന്റെ മൂന്നു മക്കൾക്ക് പിതാവില്ലാതായി. ഞാൻ അവന് ഒരിക്കലും മാപ്പ് നൽകില്ല. എനിക്ക് ഒരിക്കലും ഒന്നും മറക്കാൻ സാധിക്കില്ല’കോടതിയിൽ ഡോ. അച്യുത് റെഡ്ഡിയുടെ ഭാര്യയും ഡോക്ടറുമായ ബീന റെഡ്ഡി പറഞ്ഞു.
മാനസീകാസ്വാഥ്യം മറ്റൊരാളെ കൊല്ലുന്നതിലേക്ക് നയിക്കുന്നതിനുള്ള കാരണമല്ലെന്നും ഡോ. ബീന പറഞ്ഞു. പ്രതിയുടെ മാതാപിതാക്കൾ മകൻ ചെയ്ത തെറ്റിന് ഡോ. ബീനയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു.