തിരുവനന്തപുരം: പാമ്പുകളുടെ തോഴനും പാമ്പുപിടുത്ത വിദഗ്ധനുമായ വാവ സുരേഷിന്റെ ജീവിതം പ്രമുഖ ചാനലായ അനിമല്‍ പ്ലാനറ്റ് പകര്‍ത്തിയിരുന്നു.
ശാസ്ത്രീയമായ യാതൊരു പരിശീലനവും സിദ്ധിക്കാതെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടുകയും അനുസരിപ്പിക്കുകയും ചെയ്യുന്ന സുരേഷിന്റെ രീതിയാണ് അനിമല്‍ പ്ലാനറ്റ് അധികൃതരെ വിസ്മയിപ്പിച്ചത്. നിരവധി മൃഗസ്നേഹികളെയും അവരുടെ സാഹസികതയും ലോകത്തിന് മുന്നിലെത്തിച്ച ടെലിവിഷന്‍ ചാനലാണ് അനിമല്‍ പ്ലാനറ്റ്. ഏകദേശം 60,000 പാമ്പുകളെ വാവ സുരേഷ് പിടികൂടിയതായാണ് കണക്കുകള്‍. രാജവെമ്പാല ഉള്‍പ്പടെ ഉഗ്രവിഷമുള്ള പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പല തവണ പാമ്പുകടിയേറ്റിട്ടുണ്ട്. പാമ്പു കടിയേറ്റതിനെ തുടര്‍ന്ന് സുരേഷിന്റെ ഒരു കൈവിരല്‍ മുറിച്ചുകളയുകയും ചെയ്തിട്ടുണ്ട്. പലയിടത്തും പാമ്പുകളുടെ സ്വഭാവത്തെക്കുറിച്ച് ക്ലാസെടുക്കാനും വാവ സുരേഷ് പോകുന്നുണ്ട്.
പാമ്പു പിടുത്തത്തിലെ വൈദഗ്ധ്യം മുന്‍നിര്‍ത്തി സുരേഷിന് ജോലി നല്‍കാമെന്ന് വനംവകുപ്പ് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തിരക്കുകള്‍ കൂടുകയാണെങ്കിലും സഹായത്തിന് ആരു വിളിച്ചാലും സുരേഷ് തന്റെ സ്കൂട്ടറില്‍ അവിടേക്ക് യാത്രയാകും. പിടികൂടിയ പമ്പുകളെ കാട്ടിലേക്ക് തുറന്ന് വിടുന്നതാണ് സുരേഷിന്റെ രീതി. കരിമൂര്ഖന്, അണലി, ശംഖുവരയന്‍, രാജവെമ്പാല എന്നീ ഉഗ്രവിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പെരുപാമ്പ്, ബ്രൗണ്‍ റിങ്ങ് തുടങ്ങി എല്ലാ ഇനങ്ങളിലുള്ള പാമ്പുകളെ വാവാ സുരേഷ് പിടികൂടിയിട്ടുണ്ട്.
ഉഗ്രവിഷമുള്ള രാജവെമ്പാലകളെ പിടിച്ചതിനുള്ള ഗിന്നസ് റിക്കോര്‍ഡും വാവയുടെ പേരിലാണ്. 120 രാജവെമ്പാലകളെയാണ് പിടികൂടിയിട്ടുള്ളത്.
ജനസേവനത്തിനിടെ പാരിതോഷികമായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലുമെടുക്കാതെ മുഴുവന്‍ നിര്‍ധനര്‍ക്ക് തന്നെ നല്കി വാവ സുരേഷ്. വാവ സുരേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പേര് അദ്ദേഹത്തിന് വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുകയെല്ലാം പാവപ്പട്ടവര്‍ക്കായി തന്നെ അ്ദേഹം ചെലവഴിച്ചിരിക്കുകയാണ്. ഇതുവരെ നാലു കോടിയിലധികം രൂപയാണ് വാവ സുരേഷ് നിര്‍ധനര്‍ക്കായി നല്‍കിയിട്ടുള്ളത്.