മനാമ: ബഹ്റൈനിൽ കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾ ലംഘിച്ചു വിവാഹ ചടങ്ങു നടത്തിയ ദമ്പതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. സിത്രയിലെ ഒരു ഹാളിൽ നിരവധി പേരെ പങ്കെടുപ്പിച്ചു കൊണ്ട് വിവാഹ ചടങ്ങ് നടത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ വ്യക്തമാക്കി.
കോവിഡിനെ തുടർന്ന് അഞ്ചിലധികം ആളുകളുടെ ഒത്തുചേരൽ ബഹ്റൈനിൽ നിരോധിച്ചിരുന്നു. ഹാളിന്റെ മാനേജർക്കും വധുവിന്റെ പിതാവിനുമെതിരെ നിയമനടപടികൾ സ്വീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.