
മനാമ: ബഹുമാനവും സഹവര്‍ത്തിത്വവും മാനുഷിക സാഹോദര്യവും പ്രോത്സാഹിപ്പിക്കാന്‍ ബഹ്റൈന്‍ യുവാക്കളെ ആഗോള നേതൃത്വവും വൈജ്ഞാനിക കഴിവുകളും ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഫോര്‍ പീസ്ഫുള് കോ എക്സിസ്റ്റന്‍സ് പ്രോഗ്രാമിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്സിന്റെ നേതൃത്വത്തിലാണ് പരിപാടി.
കഴിഞ്ഞ ഓഗസ്റ്റില്‍ ലണ്ടനില്‍ ഒപ്പുവെച്ച ധാരണാപത്രത്തെ തുടര്‍ന്ന് ഫെയ്ത്ത് ഇന്‍ ലീഡര്‍ഷിപ്പിന്റെയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത 1928 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നതെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. മതവിദ്വേഷം, വംശീയത, തര്‍ക്കങ്ങള്‍ എന്നിവയെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അഭിസംബോധന ചെയ്യാന്‍ കഴിവുള്ള, സമാധാനത്തിന്റെ അംബാസഡര്മാരാകുന്നതിനുള്ള അക്കാദമിക് പരിശീലനവും പ്രൊഫഷണല്‍ ഉപകരണങ്ങളും പങ്കെടുക്കുന്നവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബഹ്റൈന്‍ യുവാക്കള്‍ക്ക് കേന്ദ്രത്തിന്റെ വെബ്സൈറ്റ് (khgc.org.bh) വഴി ജനുവരി 2 മുതല്‍ 31 വരെ അപേക്ഷിക്കാം. അവിടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.
