കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും ഭരണസമിതിക്കുമെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യു ഡി എഫ് ഭരണം വീണത്. 37 അംഗ കൗണ്‍സിലില്‍ രണ്ട് ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തെ എതിർക്കുന്ന യു ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. നഗരസഭയില്‍ ആകെയുള്ള മൂന്ന് ബി ജെ പി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.അംഗങ്ങള്‍ക്ക് യു ഡി എഫ് വിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് രണ്ടുപേർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാര്‍ഡ് കൗണ്‍സിലറുമായ രാജു ചാക്കോ, 33-ാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത്. 37 അംഗ കൗണ്‍സിലിലെ 17 അംഗങ്ങളാണ് എല്‍ എസ് പി ഡി ജോയിന്റ് രജിസ്ട്രാര്‍ ബിനു ജോണിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
37 അംഗ കൗണ്‍സിലില്‍ യു ഡി എഫിന് നാലുസ്വതന്ത്രര്‍ ഉള്‍പ്പെടെ 18 പേരുടെ പിന്തുണയും ഉണ്ടായിരുന്നു. നേരത്തെ യു ഡി എഫിനെ പിന്തുണച്ചിരുന്ന നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബി യു ഡി എഫിനുള്ള പിന്തുണ പിന്‍വലിച്ച് എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിരുന്നു. 2020 ല്‍ പല പഞ്ചായത്തുകളും പാലാ നഗരസഭയും നഷ്ടമായപ്പോഴും ചങ്ങനാശ്ശേരി നഗരസഭ നിലനിർത്താന്‍ കഴിഞ്ഞത് യു ഡി എഫിന് വലിയ ആശ്വാസമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതാണ് അവിശ്വാസ പ്രമേയത്തിലൂടെ ഇന്ന് മുന്നണിക്ക് നഷ്ടമായിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ചങ്ങനാശ്ശേരിയിലെ യു ഡിഎഫ് ഭരണ സമിതിയില്‍ അനൈക്യം ശക്തമായിരുന്നു. യു ഡി എഫിന് ഭൂരിപക്ഷമുള്ള ഭരണസമിതി ഹോസ്റ്റലിന്റെ പ്രവർത്തനം തങ്ങളുടെ അനുകൂലികളെക്കൊണ്ട് നടത്തിക്കാനുള്ള രഹസ്യ അജണ്ടയുണ്ടായിരുന്നെങ്കിലും മുന്നണിയിലെ അനൈക്യം കാരണം നേരത്തെ പൊളിഞ്ഞിരുന്നു. വനിത ഹോസ്റ്റല്‍ നടത്തിപ്പ് തുടർന്നും നിലവില്‍ നടത്തുന്ന സംഘടനയ്ക്ക് തന്നെ നല്‍കണമെന്നായിരുന്നു എല്‍ ഡി എഫിലെ മുഴുവന്‍ അംഗങ്ങളും ആവശ്യപ്പെട്ടത്. ഇതോടെ യോഗത്തില്‍ തർക്കം രൂക്ഷമായി. പ്രശ്ന പരിഹാരമെന്ന നിലയില്‍ തീരുമാനം വോട്ടെടുപ്പിന് വിട്ടു. വോട്ടെടുപ്പില്‍ ഭരണപക്ഷത്തെ 12നെതിരെ 16 വോട്ടുനേടി എല്‍ ഡി എഫ് വിജയിക്കുകയുമായിരുന്നു. ഇതോടെ നിത ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതല ഇടതുപക്ഷ മഹിള സംഘടനക്ക് ലഭിച്ചു. അന്ന് മൂന്ന് അംഗങ്ങളുള്ള ബി ജെ പി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു എന്നുള്ളതും ശ്രദ്ധേയമായിരുന്നു. വൈസ് ചെയർമാൻ ബെന്നി ജോസഫ് ഉള്‍പ്പെടേയുള്ളവർ യു ഡി എഫിന്റെ രഹസ്യ അജണ്ടക്കെതിരെ യോഗത്തിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് ശേഷം എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.