കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണസമിതിക്കെതിരെ പ്രതിപക്ഷം സമരത്തിനൊരുങ്ങുന്നു. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അടക്കമുള്ളവർക്കെതിരെ പൊലീസിൽ പരാതി നൽകിയ സെക്രട്ടറിയെ യു.ഡി.എഫ് ഭരണസമിതി മാനസികമായി പീഡിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. എൽ.ഡി.എഫിലെ 18 കൗൺസിലർമാർ നാളെ നഗരസഭാ കവാടത്തിന് മുന്നിൽ സമരം നടത്തും. രാവിലെ 9.30നാണ് സമരം ആരംഭിക്കുക.
ജീവന് ഭീഷണിയുണ്ടെന്ന സെക്രട്ടറി ബി.അനിൽകുമാറിന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് നാളെ മൊഴിയെടുക്കും. കൗൺസിലർ ഷാജി വാഴക്കാല ഉൾപ്പെടെ മൂന്ന് പേരിൽ നിന്ന് വധഭീഷണിയുണ്ടെന്നാണ് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നത്. സെക്രട്ടറിയെ ഉപയോഗിച്ച് പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.
നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പന്റെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ഷാജി വാഴക്കാല ഉൾപ്പെടെയുള്ള കൗൺസിലർമാർ ഭീഷണിപ്പെടുത്തിയെന്നാണ് നഗരസഭാ സെക്രട്ടറി ബി അനിൽകുമാർ തൃക്കാക്കര പൊലീസിനും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ പരാതിയിൽ പറയുന്നത്. കൗൺസിൽ എടുത്ത നിയമ വിരുദ്ധ തീരുമാനങ്ങളിൽ ഒപ്പിടാത്തതിന്റെ പേരിൽ നിരന്തരം ഉപദ്രവിക്കപ്പെട്ടുവെന്നും സെക്രട്ടറി പറഞ്ഞു. ഒരേക്കറിലധികം പുറമ്പോക്ക് ഭൂമി കയ്യേറിയ വൻകിട ഫ്ലാറ്റ് കമ്പനിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നിയമോപദേശം തേടാനുള്ള ഭരണസമിതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം. വിവിധ പദ്ധതികളുടെ നടത്തിപ്പിലും ബില്ലിലും ക്രമക്കേടുണ്ട്. ഫയൽ പരിശോധിക്കാതെ ഫയലിൽ ഒപ്പിടാനാകില്ലെന്നാണ് തന്റെ നിലപാടെന്നും അനിൽ പറഞ്ഞു.