നിയമം കൈകാര്യം ചെയുന്നത് സ്ത്രീപക്ഷ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് വേണമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. “ഇന്ത്യൻ സമൂഹത്തിന്റെ പരിവർത്തനത്തിനായി സ്ത്രീകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിയമം പ്രവര്‍ത്തിക്കുന്നത് നിലനില്‍ക്കുന്ന ലിംഗനിയമങ്ങള്‍ക്കകത്ത് നിന്നായിരിക്കും അതിനെ അപനിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ചിന്തിക്കാനും, നിലനില്‍ക്കുന്ന നിയമതത്വങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാനും, പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരാനും കഴിയണം. ഫെമിനിസ്റ്റ് ആശയങ്ങള്‍ നിയമം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമാക്കണം”. അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍വൊക്കേഷനില്‍ പെണ്‍കുട്ടികള്‍ സ്വർണമെഡൽ ജേതാക്കളായത് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇന്ന് നാം ജീവിക്കുന്ന കാലത്തിന്റെയും നാളെ വരാൻ പോകുന്ന കാലങ്ങളുടെയും സൂചനയാണിതെന്നും പറഞ്ഞു.
“ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് സ്ഥിരം ജസ്റ്റിസ് രഞ്ജന പി ദേശായിക്കൊപ്പം ക്രിമിനൽ റൂസ്റ്ററില്‍ ഇരിക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ആദ്യം കണ്ടപോലെയല്ല പിന്നീട് കൂടുതല്‍ അനുഭവങ്ങളുള്ള സ്ത്രീകളായ സഹപ്രവര്‍ത്തകരോടൊപ്പം ഇടപെട്ടതിനു ശേഷം കാണുന്നത്. അത് വഴിയാണ് അത്യാവശ്യം ഫെമിനിസ്റ്റ് ആശയങ്ങളെല്ലാം മനസ്സിലാക്കിയത്”. അദ്ദേഹം പറഞ്ഞു. ഞാൻ ഉൾപ്പെടെ എല്ലാവർക്കും നിരവധി പുതിയ കാര്യങ്ങൾ പഠിക്കാനുണ്ട്, പ്രത്യേകിച്ച് സാമൂഹിക അനുഭവങ്ങളിൽ നിയമം പ്രയോഗിക്കുമ്പോൾ. ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.