ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്കിയ ഹര്‍ജി സുപ്രീം കോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സിബിഐ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്. ഇതു 35-ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.
മറ്റു കേസുകളുടെ തിരക്കില്‍ ആയതിനാല്‍ ലാവലിന്‍ കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു അറിയിക്കുകയായിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിനെ മറ്റ് കക്ഷികളുടെ അഭിഭാഷകര്‍ എതിര്‍ത്തില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
കേസില്‍ കുറ്റവിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന് നായര്‍, ബോര്‍ഡ് മുന്‍ ചെയര്മാന് ആര് ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി ടി രവികുമാര്‍ പിന്മാറിയതോടെയാണ് ലാവലിന്‍ കേസ് പുതിയ ബെഞ്ചിന്റെ പരി?ഗണനയ്ക്ക് എത്തുന്നത്. 2006 മാര്‍ച്ച് ഒന്നിനാണ് എസ്എന്‍സി ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. 2009 ജൂണ്‍ 11 ന് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയന് ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കി. ഇതു ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.